കണ്ണൂർ: വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം, മഴക്കാലത്തെ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് ജനങ്ങളുടെ പരാതികൾക്ക് പെട്ടെന്ന് പരിഹാരം കാണാൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള നിയോജകമണ്ഡലം തല കമ്മിറ്റികൾ സജീവമാക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.
കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകൾ ഉൾപ്പെട്ട കെഎസ്ഇബിയുടെ ഉത്തര മലബാർ മേഖലാ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾ ഫോൺ വഴി ഉന്നയിക്കുന്ന പരാതികൾക്ക് പരിഹാരം കാണാൻ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണം. വൈദ്യുതി മുടക്കത്തിന് പുറമേ വോൾട്ടേജ് ക്ഷാമവും മലബാറിലെ ചില ഭാഗങ്ങളിലുണ്ട്. അറ്റകുറ്റപ്പണി കാരണമോ പെട്ടെന്ന് ഉണ്ടായ സംഭവങ്ങൾ മൂലമോ വൈദ്യുതി മുടങ്ങുകയാണെങ്കിൽ അക്കാര്യം ഉപഭോക്താക്കളെ പ്രാദേശിക തലത്തിലുള്ള വാട്ട്സാപ് ഗ്രൂപ്പുകൾ, വെബ്സൈറ്റ്, മാധ്യമങ്ങൾ വഴി അറിയിക്കണം.
പകൽ സമയത്ത് സൗരോർജം ബാറ്ററിയിൽ സ്റ്റോർ ചെയ്തു രാത്രി പീക്ക് സമയങ്ങളിൽ വിതരണം ചെയ്യുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) പദ്ധതിയിൽ മൂന്ന് പദ്ധതികൾ അടുത്ത മാർച്ചിന് മുമ്പ് കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് യോഗത്തിൽ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിലെ ആദ്യത്തെ ബെസ് പദ്ധതി കാസർഗോഡ് മൈലാട്ടിയിൽ ഡിസംബറിൽ കമ്മീഷൻ ചെയ്യും. 125 മെഗാവാട്ടാണ് രാത്രി നാല് മണിക്കൂർ നേരം വിതരണം ചെയ്യാനായി ഈ പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുക. കണ്ണൂരിലെ ശ്രീകണ്ഠപുരം പദ്ധതിക്ക് 160 എംഡബ്ല്യുഎച്ച് ശേഷിയും കാസർഗോട്ടെ മുള്ളേരിയയിലേതിന് 60 എംഡബ്ല്യുഎച്ച് ശേഷിയുമാണുള്ളത്.
സർക്കാർ സ്ഥലം മാത്രം വിട്ടുനൽകി സ്വകാര്യ കമ്പനി സൗരോർജം സംഭരിച്ച് രാത്രിയിലെ നാലു മണിക്കൂർ നേരം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഇതുമൂലം സർക്കാരിന് യൂണിറ്റിന് ഏഴ് രൂപയുടെ അടുത്ത് മാത്രമേ ചെലവ് വരുന്നുള്ളൂ.
കണ്ണൂർ നഗരത്തിൽ കെഎസ്ഇബി അധികൃതർ ലൈനിലേക്ക് ചാഞ്ഞ മരച്ചില്ലകൾ വെട്ടി റോഡിൽ ഉപേക്ഷിച്ചു പോകുന്ന സംഭവമുണ്ടെന്ന് കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ ചൂണ്ടിക്കാട്ടി. നൂറുകണക്കിന് കെഎസ്ഇബി പോസ്റ്റുകൾ കോർപറേഷൻ ഭൂമിയിൽ അനാഥമായി സ്ഥലം മുടക്കി കിടക്കുന്നുണ്ടെന്ന് മേയർ പി. ഇന്ദിര പറഞ്ഞു.
കല്യാശേരി മണ്ഡലത്തിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളിൽ ഓവർലോഡ് കാരണം വൈദ്യുതി മുടങ്ങുന്ന സ്ഥിതിയുണ്ടെന്നും 33 കെവി സബ്സ്റ്റേഷൻ അടിയന്തരമായി സ്ഥാപിക്കണമെന്നും എം. വിജിൻ എംഎൽഎ ഉന്നയിച്ചു.
വൈദ്യുതി പോസ്റ്റുകൾ റോഡിലോ ഓവുചാലിലോ വീണ് അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സാങ്കേതികതകൾ നോക്കാതെ ഉടൻ പരിഹാരം കാണേണ്ടതുണ്ടെന്ന് തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
കൂടുതൽ ഉപഭോക്താക്കൾ സോളാറിലേക്ക് മാറുമ്പോൾ താങ്ങാനുള്ള ശേഷി ട്രാൻസ്ഫോമറുകൾക്ക് ഇല്ലെന്നും ട്രാൻസ്ഫോമറുകളുടെ ശേഷി വർധിപ്പിക്കണമെന്നും തലശേരി എംഎൽഎ കാരായി രാജൻ ആവശ്യപ്പെട്ടു.
പാറാട്, കല്ലിക്കണ്ടി ഭാഗത്ത് നിർദേശിക്കപ്പെട്ട 110 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം കൂത്തുപറമ്പ് എംഎൽഎ പി.കെ. പ്രവീൺ ഉന്നയിച്ചു. കോളയാട് ഗ്രാമപഞ്ചായത്തിലെ വനമേഖലയിൽ കൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ മരം വെട്ടാൻ വനംവകുപ്പ് അനുമതി ആവശ്യമാണെന്നും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്നും വി.കെ. സനോജ് എംഎൽഎ പറഞ്ഞു. കാസർഗോഡ് സബ്സ്റ്റേഷനുകൾ കുറവാണെന്നും ബോവിക്കാനത്ത് സെക്ഷൻ ഓഫീസ് സ്ഥാപിക്കണമെന്നും ഉദുമ എംഎൽഎ കെ. നീലകണ്ഠൻ ആവശ്യപ്പെട്ടു.
വയനാട് ജില്ലയ്ക്ക് വൈദ്യുതി ഭവൻ അടിയന്തരമായി വേണമെന്ന് സുൽത്താൻബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. മൂന്ന് ജില്ലകളിലേയും പ്രശ്നങ്ങളും വെല്ലുവിളികളും ഉദ്യോഗസ്ഥർ മന്ത്രിക്ക് മുമ്പാകെ ഉന്നയിച്ചു. മഴക്കാലത്ത് രാത്രികളിൽ ഒരു അധിക ലൈൻമാന്റെ ഡ്യൂട്ടി അനുവദിക്കാനുള്ള പ്രപ്പോസൽ തയാറാക്കി നല്കാൻ മന്ത്രി സണ്ണി ജോസഫ് നിർദേശം നൽകി.
യോഗത്തിൽ എംഎൽഎമാരായ കെ.വി. സുമേഷ്, വി. കുഞ്ഞികൃഷ്ണൻ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കെഎസ്ഇബി നോർത്ത് മലബാർ റീജണൽ ചീഫ് എൻജിനിയർ ടി.എസ്. ജയശ്രീ, മറ്റ് വൈദ്യുത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.